ലൂസിഫർ എന്ന ചിത്രത്തിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്രയും പെട്ടന്ന് ഒരു ജനതയുടെ മേൽ പതിക്കുമെന്ന് കരുതിയില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി.കേരളത്തിൽ ലഹരിമരുന്ന് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുരളിയുടെ പ്രതികരണം.
”2018ഇൽ ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.” അദ്ദേഹം കുറിക്കുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഈയിടെ ഗോഡ്ഫാദർ എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.

