ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി.ഇതോടെ അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകും. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന് റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് രംഗത്തുണ്ടായിരുന്നു.
ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് ആയിരുന്നു ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിച്ചത്.നിയമനിര്‍മാണ സഭ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചപ്പോള്‍ വിശാഖ പട്ടണത്തെ ഭരണനിര്‍വഹണ തലസ്ഥാനമായും കുര്‍ണൂലിനെ നീതിന്യായ തലസ്ഥാനമായിട്ടുമായിരുന്നു നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയില്‍ മന്ത്രി സഭ അംഗീകാരം നല്‍കുകയും ചെയ്തു. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചിരുന്നു.
ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിൻവലിക്കൽ) ബില്‍ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഈ ബില്ലുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.