എൻ ഐ ടി കാലിക്കറ്റ് സംഘടിപ്പിക്കുന്ന തത്വ 22 : പ്രൗഢ ഗംഭീര തുടക്കം
കോഴിക്കോട് : എൻ .ഐ.ടി. കാലിക്കറ്റ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ മുൻനിര ശാസ്ത്ര-സാങ്കേതിക മേളകളിൽ ഒന്നായ തത്വ’22 ന് ഇന്നലെ പ്രൗഢ ഗംഭീര തുടക്കം. കോവിഡ് കാലത്തെ ഓൺലൈൻ ഫെസ്റ്റുകൾക്ക് വിരാമമിട്ടുകൊണ്ട് ആരംഭിച്ച ഫെസ്റ്റിന്റെ ഒന്നാം ദിനത്തിൽ വൻ ജനാവലിയാണ് പങ്കാളികളായത്. ‘ടെക്നോ ഒഡീസി’ പ്രമേയമാക്കിയ ഈ വർഷത്തെ തത്വ സ്പോൺസർ ചെയ്തിരിക്കുന്നത് ഐ.ടി നെറ്റ്‌വർക്ക് രംഗത്തെ പ്രഗൽഭരായ സിസ്കോ’ യാണ് .
ഒക്ടോബർ 21 മുതൽ 23 വരെ 3 ദിനങ്ങളിലായി അരങ്ങേറുന്ന തത്വ’22 വിശിഷ്ടാംഗങ്ങൾ വിളിക്ക് കൊളുത്തി ഉദ്ഘടാനം നിർവഹിച്ചു. എൻ. ഐ. ടി. ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാപ് സക്സസ് ഫാക്ടേഴ്സ് വൈസ് പ്രസിഡന്റ് ജെയിംസ് തോമസ് മുഖ്യാതിഥിയായി.
ഒന്നാം ദിനമായ ഇന്നലെ വാഹനപ്രേമികളെ ഹരം കൊള്ളിച്ച ‘വീൽസ് -22’ ഓട്ടോ ഷോയും, റോബോട്ടിക് മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകൾ മാറ്റുരച്ച ‘റോബോ വാർ ‘ എന്നിവ മുഖ്യ ആകർഷണമായി .ആർ .സി ബോട്ട് ഡിസൈനിങ് ,ഹാക്കിങ് മത്സരങ്ങൾ, ഗെയിം ഡെവലൊപ്മെന്റ് തുടങ്ങിയവ പുതുമയാർന്ന മത്സര വിഭാഗങ്ങൾ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി.
തിരുവനന്തപുരം ഐ.ഐ.സ്.ടി യിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും ഫുൾബ്രൈറ് സ്‌കോളറും ആയ ഡോക്ടർ.ഷൈജുമോൻ, യുവ സംരംഭക പ്രിയങ്ക കസ്തുർ എന്നിവരുടെ പ്രഭാഷണങ്ങൾ വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡീപ് ലേർണിംഗ്, ക്രിപ്റ്റോ-ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിൽ പ്രഗൽഭരായ വ്യക്തികളുടെ നേതൃത്വത്തിൽ നടന്ന വർക്ക് ഷോപ്പുകൾ തത്വയുടെ മാറ്റ് കൂട്ടി.
രണ്ടാം ദിനമായ ഒക്ടോബർ 22ന് ഗ്രേസ് മുറെ ഹോപ്പർ അവാർഡ് ജേതാവും ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ സ്ഥാപകനുമായ ഡോക്ടർ.റിച്ചാർഡ് സ്റ്റാൾമാൻ വിദ്യാർത്ഥികളുമായി സംവദിക്കും. സൗത്ത് ഇന്ത്യയിലെ മികച്ച ബാൻഡുകളിലൊന്നായ തൈക്കൂടം ബ്രിഡ്ജ്, ബോളിവുഡ് ഗായകൻ നകാശ് അസീസ്, പോപ്പ് സംഗീത മേഖലയിലെ യുവ സാന്നിധ്യം സ്ഫ്‌യർടോൺ എന്നിവർ നയിക്കുന്ന ‘പ്രൊ-ഷോ നൈറ്റ്’ അരങ്ങേറും.