തിരുപ്പതി ലഡുവിൽ മൃഗ കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡായ അമുൽ. തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം നടത്തിയെന്ന് ചില സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് വന്നതിനെ തുടർന്നാണ് കമ്പനി വിശദീകരണം നൽകിയത്. ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അമുൽ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല്‍ നിരവധി തവണത്തെ ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അമുലിനെതിരെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബുനായിഡു നടത്തിയ ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന പ്രസ്താവനയാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുമായിരുന്നു നായിഡുവിന്റെ ആരോപണം.
ശേഷം ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.