ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നരിക്കുനി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നടത്തിയ പൂകൃഷി വിളവെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 2023 – 24 ൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നരിക്കുനി കൃഷിഭവനുമായി സഹകരിച്ച് പഞ്ചായത്തിലെ കൃഷിക്കൂട്ടവുമായി ചേർന്നാണ് പൂകൃഷി നടത്തിയത്. ഇത്തരത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലെ 20 ഗ്രൂപ്പുകൾക്ക് പുഷ്പകൃഷി ചെയ്യാനായി 1.32 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ഓരോ ഗ്രാമപഞ്ചായത്തിലും 25 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്.
നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്സ്മാൻ വി.പി സുകുമാരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.