മലയാളത്തില്‍ ആദ്യമായി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ പുറത്ത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്.ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്.ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു .ചിത്രത്തിന്റെ ടീസറിലെ ആക്‌ഷൻ രംഗങ്ങളെ ട്രോളി മലയാളി പ്രേക്ഷകരും രംഗത്തുവന്നു. ‘ഞങ്ങളുടെ ലൂസിഫർ ഇങ്ങനല്ലെന്നും’ ‘ലൂസിഫർ മരിച്ചു’ എന്നുമൊക്കെയാണ് ടീസറിന് താഴെ മലയാളികൾ കമന്റ് ചെയ്യുന്നത്.