മെയ് നാലിന് മണിപ്പൂരിൽ നടന്ന കൂട്ട ബലാൽ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞിരുന്നില്ലേ എന്ന് കോൺഗ്രസ്. മൂന്ന് ദിവസം മണിപ്പൂരിൽ താമസിച്ചിട്ടും ആരും ഇക്കാര്യങ്ങൾ പറഞ്ഞു തന്നില്ലേ എന്നാണ് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ചോദിച്ചത്. മെയ് 29ന് മണിപ്പൂരിലെത്തിയ അമിത് ഷാ ജൂൺ രണ്ട് വരെ അവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരങ്ങൾ അമിത് ഷാ അറിഞ്ഞിരുന്നെങ്കിൽ പ്രധാനമന്ത്രിയോട് അന്ന് തന്നെ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നിട്ടും പ്രധാനമന്ത്രി ‘ഞെട്ടാൻ’ വൈകിയത് എന്തെന്നും തിവാരി ചോദിച്ചു.
‘രണ്ട് സ്ത്രീകളെ നഗ്നരാക്കി പരസ്യമായി പരേഡ് നടത്തിയ ദാരുണമായ സംഭവം അമിത് ഷായോടോ മുഖ്യമന്ത്രി ബിരേൻ സിംഗിനോടോ ആരും പറയാതിരുന്നത് എന്താണ്. രാജ്യത്തെെ ഇന്റലിജൻസ് ഏജൻസികൾക്ക് എന്താണ് പണി, അവരിതൊന്നും അറിയുന്നില്ലേ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്റലിജൻസ് ഏജൻസികൾ വിവരങ്ങളൊന്നും നൽകുന്നില്ലേ? മണിപ്പൂർ ഗവർണറും മറ്റുള്ളവരും വിവരങ്ങൾ അമിത് ഷായിൽ നിന്നും മറച്ചു വെച്ചതാണോ? സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര സർക്കാരിന് താക്കീത് നൽകിയപ്പോൾ മാത്രമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്’. പ്രമോദ് തിവാരി പറഞ്ഞു.