മത്സ്യ കൃഷി വിളവെടുപ്പും സർവീസ് സ്റ്റേഷൻ ഉദ്ഘാടനവും
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ബയോഫ്‌ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പും, വിപണനവും, സർവീസ് സ്റ്റേഷന്റെ ഉദ്ഘാടനവും 23ന് വൈകിട്ട് നാലിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചാക്ക വാർഡ് കൗൺസിലർ അഡ്വ.എം. ശാന്ത അധ്യക്ഷത വഹിക്കും.
മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു
പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി വിജയിക്കണമെങ്കിൽ കാർഷിക മേഖലയിലേക്ക് പരമാവധി പേരെ ആകർഷിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നമുക്ക് ആവശ്യമുള്ള വിഭവങ്ങൾ ഇവിടെത്തന്നെ വളർത്തിയെടുക്കാൻ കഴിയണം. കൃഷി ഭൂമിയിൽ പണിയെടുക്കുന്നവർക്ക് ആവശ്യമായ അംഗീകാരം നൽകണം. മനുഷ്യന്റേയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് കൃഷി ആവശ്യമാണ്. ഓരോ കൊച്ചു കുട്ടിയെയും കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും. https://sannadhasena.kerala.gov.in/ ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് രണ്ട് മണിക്കുർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുവാനുള്ള ലിങ്ക് എസ്.എം.എസ് ആയി നൽകും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ അടിസ്ഥാനത്തിൽ ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം. സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപ്കമിംഗ് ഇവന്റ്‌സിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഗസ്റ്റിൽ ആലപ്പുഴയിലും എറണാകുളത്തും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ആലപ്പുഴ ചേർത്തലയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് അഞ്ചിനും ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ ആറിനും സിറ്റിംഗ് നടക്കും.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് 25നും അങ്കമാലി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ 26നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ 27നും സിറ്റിംഗ് നടക്കും. സിറ്റിംഗ് രാവിലെ 10 മണിക്ക് ആരംഭിക്കും. സിറ്റിംഗിൽ ഹാജരാകുന്നതിന് അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം എത്തണം. സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക യാത്രകള്‍ക്കായി മാസവാടക അടിസ്ഥാനത്തില്‍ ആഗസ്റ്റ് രണ്ട് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2372929.
ഇ- ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ- ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ.
വിശദവിവരം e-tenderskerala.gov.inല്‍ ലഭ്യമാണ്.
കൃഷി പാഠശാല-ഓണ്‍ലൈന്‍ ക്ലാസ്സ് ഇന്ന്
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുളള പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിന്റെ കൃഷി പാഠശാലയില്‍ ഇന്ന് (ജൂലൈ 23) 2.30-ന് ‘സമൂഹ മാധ്യമങ്ങള്‍ കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് ‘ എന്ന വിഷയത്തില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ പാര്‍വ്വതി ക്ലാസ്സ് എടുക്കുന്നു. ക്ലാസ്സ് https://www.facebook.com/groups/rattc.taliparamba എന്ന ലിങ്കില്‍ ലഭ്യമാകും.
മൊത്ത വില സൂചിക വിവരശേഖരണം ഈ മാസം മുതല്‍
മൊത്ത വില സൂചിക വിവരശേഖരണം ഈ മാസം തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. 2017-18 = 100 അടിസ്ഥാനമാക്കി ഒരു ഫാക്ടറിയില്‍നിന്ന് ഒരു ഉല്‍പ്പന്നത്തിന്റെ വിലയാണ് ശേഖരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള ഓരോ മാസത്തെയും മൊത്തവില, ഡിസ്‌കൗണ്ട്, ജി.എസ്.ടി./ എക്‌സൈസ് ഡ്യൂട്ടി എന്നിവ പ്രത്യേകം ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ ഈ മാസം മുതല്‍ ഫാക്ടറികള്‍ സന്ദര്‍ശിയ്ക്കും. പുതിയ സീരീസ് അനുസരിച്ചുള്ള വിവരശേഖരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡി.പി.ഐ.ഐ.ടി. വിഭാഗം തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുന്നതോടെ ഫാക്ടറികള്‍ നേരിട്ടാണ് വിലവിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടത്. വില വിവരം ശേഖരിക്കുന്നതോടൊപ്പം പോര്‍ട്ടല്‍ ഉപയോഗത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന വര്‍ഷം 2011-12 കണക്കാക്കിയാണ് ഇപ്പോള്‍ മൊത്ത വില സൂചിക പുറത്തിറക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ്.മുഹമ്മദ് യാസിര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്‌സ്
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റ് മാസത്തില്‍ ക്ലാസുള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍ ചേരുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.keralabhashainstitute.org സന്ദര്‍ശിക്കുക.
അഭിമുഖം 28, 29, 30 തീയതികളില്‍
സഹകരണ വകുപ്പിൽ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഡൈറക്ട് – കാറ്റഗറി നം. 237/18, ബൈ ട്രാന്‍സ്ഫര്‍ ഫ്രം വിഇഒ – കാറ്റഗറി നം. 135/19) തസ്തികകളുടെ അഭിമുഖം കോഴിക്കോട് ജില്ല പിഎസ് സി ഓഫീസില്‍ ജൂലൈ 28, 29, 30 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ മെമ്മോ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയൽ രേഖകളും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഫേസ് ഷീല്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്ന് പിഎസ് സി ജില്ലാ ഓപീസര്‍ അറിയിച്ചു
കോവിഡ് 19 മെഗാപരിശോധനാ ക്യാമ്പ് 23\ 7 \2021(വെള്ളി )
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിൽ (ജൂലൈ 23 ) കോവിഡ് 19 മെഗാപരിശോധനാ ക്യാമ്പ് നടത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോർപറേഷൻ പരിധി ലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടത്തുക.
ജില്ലയിൽ ടി പി ആർ നിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഗാ പരിശോധന നടത്തുന്നത്.
കൂടുതൽ സമ്പർക്ക സാധ്യതയുള്ള തൊഴിലിൽ ഏർപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവർ, കോവിഡ് രോഗിയുള്ള വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ, കോവിഡ് ലക്ഷണങ്ങളുള്ളവർ തുടങ്ങിയവർ മെഗാ ക്യാമ്പിൽ പങ്കെടുക്കണം.
കൂടുതൽ പേരെ പരിശോധിച്ച് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തി അവരെ ക്വാറൻ്റയിനിലാക്കുകയാണ് ലക്ഷ്യം. അല്ലാത്തപക്ഷം പോസിറ്റീവായ രോഗികളെ കണ്ടെത്താതെ പോവുകയും അവർ കൂടുതൽ പേരിലേക്ക് രോഗം പടർത്തുകയും ചെയ്യും. അത് വഴി ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുത്തനെ വർധിക്കുകയും ദീർഘകാലം ലോക് ഡൗൺ തുടരേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ മുഴുവനാളുകളും കോവിഡ് മെഗാ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്നും ക്യാമ്പ് നടത്താനുള്ള ക്രമീകരണങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .വി.ജയശ്രീ അറിയിച്ചു .
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ഏപ്രിൽ 22 , 23 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘ബി ‘ ഗ്രേഡ് ഇന്റർവ്യൂ ജൂലൈ 29 , 30 തീയതികളിൽ നടത്തുമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റർവ്യൂ മാറ്റിയത്. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
അഭിമുഖം 28 ന്
കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, യുപിഎസ് , ബൈ ട്രൈന്‍സ്ഫര്‍, കാറ്റഗറി നം. 523/19) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂലൈ 28 ന് രാവിലെ 11.45 ന് പിഎസ് സി എറണാകുളം ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. ഉദ്യോഗാര്‍ത്ഥികള്‍ ഫേസ് ഷീല്‍ഡ് ധരിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് ഫ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371971

