പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഫോൺ ചോർത്തൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അഡ്വ. എംഎൽ ശർമ്മ നൽകിയ പൊതുതാൽപര്യ ഹർജിയിൽ പറയുന്നത്. നേരത്തെ റഫാൽ ഇടപാട്, ജമ്മുകശ്മീർ വിഷയങ്ങളിൽ സുപ്രീം കോടതിയെ സമീപിച്ചതും എംഎൽ ശർമ്മയായിരുന്നു.
വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ഫോൺ ചോർത്തലിനെതിരെ പ്രധാനമന്ത്രിയെ ഒന്നാം എതിർകക്ഷിയാക്കിയാണ് ഹർജി.
രാഷ്ട്രീയ താൽപര്യത്തിനായി പൗരന്മാരുടെ ഫോൺ ചോർത്താൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടന അനുമതി നൽകുന്നുണ്ടോയെന്ന് ഹർജിയിൽ ഉന്നയിക്കുന്ന ചോദ്യം.
അതേ സമയം പെഗാസസ് ഫോൺ ചോർത്തൽ സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ശശി തരൂർ എംപിയും ആവശ്യപ്പെട്ടു. ചാര സോഫ്റ്റ്‍വെയർ വാങ്ങിയെന്ന ആരോപണം സർക്കാർ ഇതുവരെയും നിഷേധിച്ചിട്ടില്ല. ഐടി പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി വിഷയം ചർച്ച ചെയ്യും. വിവാദം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ശശി തരൂർ പ്രതികരിച്ചു.