പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന്റെ കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിജയകാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വിഷയം സ്ഥിരീകരിച്ചത്.വിജയകാന്തിന്റെ മൂന്നു കാൽ വിരലുകളാണ് കടുത്ത പ്രമേഹത്തെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
என் அருமை நண்பர் விஜயகாந்த் அவர்கள் விரைவில் குணமடைந்து பழையபடி கேப்டனாக கர்ஜிக்க வேண்டும் என்று எல்லாம் வல்ல இறைவனை வேண்டுகிறேன்.
— Rajinikanth (@rajinikanth) June 21, 2022
ആശുപത്രിയിൽ ചികിത്സ തുടരുകയാണ് വിജയകാന്ത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങൾ അറിയിച്ചു.ഇപ്പോൾ ഇദ്ദേഹത്തിന് രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്.പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്‍തു.വിജയകാന്തിനുവേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും താരം കുറിച്ചു.പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. ചികിത്സ പൂര്‍ത്തിയായി ഏതാനും ദിവസത്തിനകം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പ്രസ്താവനയിലൂടെ പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്. അസുഖത്തെത്തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.