Local News

അറിയിപ്പുകൾ

തയ്യല്‍ തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 1000 രൂപ വീതം നല്‍കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കോവിഡ് ഒന്നാം ഘട്ടത്തിലും 1000 രൂപ വീതം ധനസഹായം നല്‍കിയിരുന്നു. ഒന്നാം ഘട്ട ധനസഹായം ലഭ്യമായ എല്ലാവര്‍ക്കും രണ്ടാം ഘട്ടവും ലഭിക്കും. ഒന്നാം ഘട്ടത്തില്‍ ധന സഹായം ലഭിക്കാത്തവരും 2020 ഏപ്രില്‍ മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവരും രണ്ടാം ഘട്ട ധനസഹായം ലഭിക്കുന്നതിന് www.boardswelfareassistance.lc.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

പ്രസവ ധനസഹായം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്കുള്ള അധിക പ്രസവ ധനസഹായം ഇനിയും ലഭിക്കുവാനുള്ളവര്‍ അംഗീകൃത സംഘടന വഴി ജൂണ്‍ 28 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2014 ഏപ്രിലിനും 2020 ഡിസംബറിനുമിടയില്‍ 2,000 രൂപ വീതം പ്രസവാനുകൂല്യം ലഭിച്ചവര്‍ക്കാണ് അധിക പ്രസവ ധനസഹായമായി 13,000 രൂപ വീതം നല്‍കിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2,000 രൂപ ലഭിച്ചതിന്റെ ബാങ്ക് രേഖയും ക്ഷേമനിധി ഐഡി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അന്താരാഷ്ട്ര യോഗ ദിനം- പരിശീലനം നല്‍കി

അന്താരാഷ്ട യോഗ ദിന ആചരണത്തിന്റെ ഭാഗമായി കോഴിക്കോട്, മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ യോഗ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണുമായ പി.രാഗിണി ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജിയും മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുരളി കൃഷ്ണ അധ്യക്ഷത വഹിച്ചു. വിദഗ്ധ യോഗ പരിശീലകനും ട്രൈനറുമായ കെ.സി.രഘുനാഥന്‍ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം.പി.ഷൈജല്‍ സ്വാഗതവും മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി നൗഷാദലി നന്ദിയും പറഞ്ഞു.

പിഴ കൂടാതെ അംശാദായ കുടിശിക അടക്കാനുള്ള തീയതി നീട്ടി

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരും രണ്ട് തവണ അംശാദായം അടക്കാന്‍ വീഴ്ചവന്നിട്ടുള്ളവരുമായ അംഗങ്ങള്‍ക്ക് പിഴ കൂടാതെ അംശാദായ കുടിശിക അടയ്ക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ -മെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം, ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – ഫസ്റ്റ്ക്ലാസ്സ് എം .സി .എ ബിരുദം, ലക്ച്ചറര്‍ ഇന്‍ ഇംഗ്ലീഷ് (പാര്‍ട്ട് ടൈം), ലക്ച്ചറര്‍ ഇന്‍ ഫിസിക്സ്, ലക്ച്ചറര്‍ ഇന്‍ കെമിസ്ട്രി, ലക്ച്ചറര്‍ ഇന്‍ മാത്തമെറ്റിക്സ്- യു.ജി.സി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത. ഫിസിക്കല്‍ എഡ്യൂക്കേഷന്‍(പാര്‍ട്ട്ടൈം)- ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍- ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും സെറ്റ് യോഗ്യതയുമുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും interviewmptcv21@gmail.com എന്ന ഇ- മെയിലിലേക്ക് ജൂണ്‍ 30നകം അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9947640042, 8547005079.

കോവിഡ് മൂലം അനാഥമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വായ്പ

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പ്രത്യേക വായ്പ നല്‍കുന്നു. വായ്പക്ക് പരിഗണിക്കുവാന്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കവിയരുത്. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ ആധികാരികമായ രേഖ അപേക്ഷകന്‍ ഹാജരാക്കണം . പരമാവധി 5 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും. പലിശ നിരക്ക് ആറു ശതമാനം. കോര്‍പ്പറേഷന്റെ വായ്പാ നിബന്ധനകള്‍ പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരാണ്. താത്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂണ്‍ 26 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400068511, 04952767606.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ ഹോമിയോപതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ, എന്‍സിഎ-എല്‍.സി,കാറ്റഗറി നം. 527/2016) തസ്തികയുടെ റാങ്ക് പട്ടികയിലുള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിയെ നിയമന ശിപാര്‍ശ ചെയ്തതോടെ റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ല ഓഫീസര്‍ അറിയിച്ചു.

അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റേയും സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെയും പരിധിയില്‍ വരുന്നവയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന പിങ്ക്, നീല, മഞ്ഞ റേഷന്‍കാര്‍ഡുടമകള്‍ അവ ജൂണ്‍ 30 നകം ഓഫീസിലെത്തി സറണ്ടര്‍ ചെയ്യണമെന്ന് നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
30നു ശേഷം നടക്കുന്ന ഫീല്‍ഡ് പരിശോധനയിലും കെട്ടിടങ്ങള്‍, വാഹനം, ഭൂമി തുടങ്ങിയവയുടെ റിക്കാര്‍ഡുകള്‍ ഒത്തുനോക്കിയുളള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തുന്ന കാര്‍ഡുടമകള്‍ക്കെതിരെ
ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 9 പ്രകാരമുളള ശിക്ഷാ നടപടികള്‍, റേഷന്‍കാര്‍ഡ് റദ്ദാക്കല്‍, അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയും പിഴയും ഈടാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കും.

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, ഗവ. സഹായ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുളളതോ ഉടമകളായതോ ആയ അനര്‍ഹ ബിപിഎല്‍, ഏഏവൈ, എന്‍പിഎസ് റേഷന്‍കാര്‍ഡുകള്‍ ആ അംഗം ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ തന്നെ എന്‍പിഎന്‍എസ് (വെളള കാര്‍ഡ്) ലേക്ക് മാറ്റാന്‍ നിയമം അനുശാസിക്കുന്നതിനാല്‍ ഇങ്ങനെ അനര്‍ഹമായി മുന്‍ഗണന/സബ്സിഡി കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ സംസ്ഥാന റേഷനിംഗ് ഓര്‍ഡര്‍ 2021 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.

അഴിയൂരിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തന സ്ഥലം മാറ്റുന്നു

അഴിയൂരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജനകീയ ഹോട്ടല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിട്ടം പൊളിച്ചുമാറ്റുന്നതിനാല്‍ പ്രവര്‍ത്തന സ്ഥലം മാറ്റുന്നു. കുഞ്ഞിപ്പള്ളി ചിറയില്‍ പീടിക റേഷന്‍ കടക്ക് സമീപത്താണ് ഇനി മുതല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുകയെന്ന് സെക്രട്ടറി അറിയിച്ചു.
ബുക്കിഗിന് ബന്ധപ്പെടേണ്ട നമ്പര്‍ :8086159250

ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം- കൂടിക്കാഴ്ച ഇന്ന്

അഴിയൂരില്‍ കോവിഡ് വാക്സിനേഷന് പുതിയ കേന്ദ്രം ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതിന് ഇന്ന് (ജൂണ്‍ 23) രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.എസ്.സി നേഴ്സിംഗ് പാസ്സായവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരിചയസമ്പന്നര്‍ക്കും അഴിയൂരില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് സമയക്രമം അറിയാന്‍ വിളിക്കുക- 9048355691

പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) യുടെ എരഞ്ഞോളി ഫിഷ് ഫാമില്‍ പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായതായി ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുളളവര്‍ക്ക് 0490 2354073 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വില്‍പനയുണ്ടാക്കും.

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം തുടരുന്നു

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക്
പ്രവേശനം തുടരുന്നു. ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ് ഐ.ടി കോഴ്സുകളിലും ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്സ്, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സാങ്കേതിക കോഴ്സുകളിലും കട്ടിങ്ങ് ആന്റ ടൈലറിങ്ങ് കോഴ്സുകളിലുമാണ് പ്രവേശനം നല്‍കുന്നത്. പത്താം തരവും പ്ലസ് ടു വും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈന്‍ ആയും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 0495 2370026, 8891370026

കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോഴിക്കോട്,വടകര മെയിന്റനന്‍സ് ട്രിബ്യൂണലുകളില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ദുര്‍ബല വിഭാഗക്കാരുടെ ക്ഷേമം എന്നീ മണ്ഡലങ്ങളിലോ വിദ്യാഭ്യാസം,ആരോഗ്യം ദാരിദ്ര്യ ലഘൂകരണം,സ്ത്രീ ശാക്തീകരണം,സാമൂഹ്യക്ഷേമം, ഗ്രാമ വികസനം എന്നീ മണ്ഡലങ്ങളിലോ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന ഭാരവാഹിയോ ഈ മേഖലയില്‍ മികച്ച പൊതു സേവന ചരിത്രമുള്ള വ്യക്തിയോ ആയിരിക്കണം. നിയമ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവല്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ജൂണ്‍ 30 നകം ലഭ്യമാക്കണം. ഫോണ്‍ 0495 2371911, ഇ-മെയില്‍ dsjokkd@gmail.com

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!