പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി). തുറസ്സായ സ്ഥലങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾക്കായി കാത്തിരിക്കുന്ന അവസരത്തിൽ ഇത്തരക്കാർക്ക് മാസക് നിർബന്ധമല്ലെന്ന് സിഡിസി ഇറക്കിയ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.
അതേസമയം പൊതു ഗതാഗത വാഹനങ്ങൾക്കുള്ളിൽ ഇരുകൂട്ടരും തുടർന്നും മാസ്ക് ധരിക്കണം. എന്തെങ്കിലും കഴിക്കുമ്പോഴോ, കുടിക്കുമ്പോഴോ, മരുന്നു കഴിക്കുമ്പോഴോ മാത്രമേ മാസ്ക് താഴ്ത്താൻ അനുവാദമുള്ളൂ. ശ്രവണ വൈകല്യം ഉള്ളവരുമായി സംസാരിക്കുന്ന അവസരത്തിലും മാസ്ക് താഴ്ത്താൻ സിഡിസി അനുവദിക്കുന്നു. ഗതാഗത സമയത്ത് സുരക്ഷാ പരിശോധനകൾക്കായി താത്ക്കാലികമായി മാസ്ക് താഴ്ത്തി കൊടുക്കാമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
വിമാനം, ട്രെയിൻ, സബ്‌വേ, ബസ്, ടാക്സി, ഷെയർ റൈഡ്, കപ്പൽ ഗതാഗതം, കേബിൾ കാർ,ട്രോളികൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണെന്ന് സിഡിസി പറയുന്നു. പൂർണമായും വാക്സീൻ എടുക്കാത്തവർ തുടർന്നും ഈ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും മാർഗരേഖ കൂട്ടിച്ചേർക്കുന്നു.