നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഐഷാ സുല്‍ത്താനയോട് ലക്ഷദ്വീപ് പൊലീസ്. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കി. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച് നോക്കുന്നതുവരെ ദ്വീപില്‍ തന്നെ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നാളെയോടെ ഈ കാലാവധി അവസാനിക്കുകയാണ്. നാളെ രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുല്‍ത്താനയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മൂന്നു ദിവസം ദ്വീപ് വിട്ടു പോകരുതെന്നും മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിക്കുമെന്ന് അറിയിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബയോ വെപ്പണ്‍ എന്ന പരാമര്‍ശത്തില്‍ തൃപ്തികരമായ രീതിയില്‍ വിശദീകരണം നല്‍കിയതായി ഇവര്‍ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നു.
ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസില്‍ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു അഭിഭാഷകനൊപ്പമാണ് അവര്‍ ദ്വീപില്‍ തുടരുന്നത്.
പൊലീസ് എഫ് ഐ ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷ കോടതിയില്‍ വാദിച്ചിരുന്നു. ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സര്‍ക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ് ഐ ആറില്‍ പറയുന്നു.
ഐഷ സുല്‍ത്താനയ്ക്ക് എതിരായ രാജ്യദ്യോഹകേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന ലക്ഷദ്വീപ് പൊലീസിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഐഷയ്‌ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്. ക്രിമിനല്‍ നടപടി ചട്ടം 41 A പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നും പൊലീസ് പറയുന്നു. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്നും ലക്ഷദ്വീപ് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചെങ്കിലും ഇടക്കാല ജാമ്യം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി ജെ പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസു പോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തി. ഐഷയ്‌ക്കൊപ്പം ദ്വീപിലെ ജനങ്ങള്‍ ഒന്നടങ്കം ഉറച്ചുനില്‍ക്കും. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസ്താവനയില്‍ അറിയിച്ചു.

