ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചില വീടുകൾ ഒരു വിഭാഗം ആളുകൾ അഗ്നിക്കിരയാക്കിയതാണ് വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സൈന്യവും സമാന്തര സൈനിക വിഭാഗവുമൊക്കെ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയാണ്.
പുതിയ സംഘർഷങ്ങൾക്ക് പിന്നാലെ ഇംഫാലിൽ കർഫ്യൂ സമയം നീട്ടി. രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണ് പുതിയ കർഫ്യൂ. ഇൻ്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
തിങ്കളാഴ്ച രാവിലെ 10.30ഓടെ ഇംഫാൽ ഈസ്റ്റിലെ ന്യൂ ചെക്കോൺ ബസാറിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചന്തയിലെ സ്ഥലവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടൽ. ഉച്ചകഴിഞ്ഞ് 2 മണിയോടെ ചിലയാളുകൾ ചേർന്ന് രണ്ട് വീടുകൾക്ക് തീയിട്ടു. തുടർന്ന് സംഘർഷം ആളിപ്പടരുകയായിരുന്നു.