\ദല്‍ഹിയ്ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ രാജ്.അനധികൃത കയ്യേറ്റമെന്ന് കാട്ടി കസ്റ്റഡി മരണത്തെ ചൊല്ലി പൊലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴ് പേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി.പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുത്തിയെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ശനിയാഴ്ച വൈകുന്നേരമാണ് അസമിലെ നാഗോണിലെ പൊലീസ് സ്റ്റേഷന് തീയിട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു.
രാത്രിയില്‍ മദ്യപിച്ച് റോഡരികില്‍ കിടന്നു എന്നാരോപിച്ചാണ് സഫികുല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ കൈക്കൂലി തുക നല്‍കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് മീന്‍ വില്‍പനക്കാരനായ സഫികുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതില്‍ രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും തീയിടുകയുമായിരുന്നു.അനധികൃത കൈയേറ്റം ആരോപിച്ച് ജഹാംഗീര്‍പുരിയിലും ന്യൂനപക്ഷങ്ങളുടെ കെട്ടിടം പൊളിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.