ക്രിപ്റ്റോ ആസ്തികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയും, യുകെയും ചർച്ച നടത്തി. ഈ വിഷയത്തിൽ, ആഗോളതലത്തിലുള്ള സഹകരണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. ക്രിപ്റ്റോ ആസ്തികൾ, സഹകരണ സാധ്യതയുള്ള പുതിയ മേഖലകൾ, പെൻഷൻ ഫണ്ടുകളുടെ അടക്കം നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ തുടങ്ങിയവയാണ് ചർച്ചാ വിഷയങ്ങളായത്.
‘ഇന്ത്യ-യുകെ ഫിനാൻഷ്യൽ മാർക്കറ്റ്സ് ഡയലോഗി’ന്റെ രണ്ടാം യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്. സാമ്പത്തിക മേഖലയിൽ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ലണ്ടനിലാണ് യോഗം നടക്കുന്നത്. പെൻഷനുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങൾ ഇരു രാജ്യങ്ങളും 2017ന് ശേഷം ഇതാദ്യമായാണ് ചർച്ച ചെയ്യുന്നത്.
ആറ് മേഖലകളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാങ്കിങ്, പേയ്മെന്റ്സും ക്രിപ്റ്റോ ആസ്തികളും, ഇൻഷുറൻസ് & റീ ഇൻഷുറൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ്, അസറ്റ് മാനേജ്മെന്റ്, സുസ്ഥിരമായ സാമ്പത്തിക സ്ഥിതി എന്നിവയാണ് മേഖലകൾ. ക്രിപ്റ്റോ ആസ്തികളുമായി ബന്ധപ്പെട്ട്, ആഗോള തലത്തിലുള്ള പുരോഗതി യോഗം വിലയിരുത്തി. ക്രിപ്റ്റോ ആസ്തികളിൽ ആഗോള തലത്തിലുള്ള സഹകരണത്തിന്റെ പ്രാധാന്യം, ക്രോസ് ബോർഡർ പേയ്മെന്റ് സാധ്യമാക്കുന്നതിൽ ജി20 റോഡ്മാപ്പിന്റെ പങ്ക് തുടങ്ങിയവയിലും ചർച്ചകൾ നടന്നു.