ജഹാംഗീർപുരിയിലെ സംഘര്‍ഷ മേഖലയിലെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് ദില്ലി പൊലീസ്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കളാണ് സ്ഥലത്തെത്തിയത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം, ആളുകളുമായി സംസാരിക്കണം എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്.എന്നാൽ ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല. തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാഗ്വാദവുമുണ്ടായി.പിക്ക്‌നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പോലീസിനോട് ഡി. രാജ പറഞ്ഞു. പൊലീസ് കെട്ടിയ കയർ കാണാനല്ല എത്തിയതെന്നും ദുരിതമനുഭവിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവില്‍ സിപിഐ നേതാക്കളെ സംഭവസ്ഥലത്തേക്ക് പോലീസ് കടത്തിവിട്ടു. ഡി.രാജ, ബിനോയ് വിശ്വം. പല്ലബ് സെന്‍ഗുപ്ത, ആനി രാജ എന്നിവരുള്‍പ്പെടുന്ന സംഘം അകത്തേക്ക് കടന്ന് ആളുകളെ കാണുകയാണെന്ന് ഡി. രാജ ട്വീറ്റ് ചെയ്തു