ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് ജിഗ്നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി ഗുവാഹത്തി കോടതയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
ബിജെപി പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് അഹ്വാനം ചെയ്തു എന്നീ വകുപ്പുകളും ഐടി നിയമത്തിന്റെ ഏതാനും വകുപ്പുകളും ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ ഇട്ടത്. മോദി ഗോഡ്‌സയെ ദൈവമായി ആരാധിക്കുന്നു എന്ന ട്വീറ്റിനെതിരെയായിരുന്നു ബിജെപി നേതാവിന്റെ പരാതി.
‘കൂടുതൽ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരാണ് ജിഗ്നേഷ് മേവാനി. അയാളെ എനിക്കറിയില്ല. ഞാൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ’ എന്നായിരുന്നു ഹിമന്ത് ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. മേവാനിയുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.