‘ലാലേട്ടൻ ആറാടുകയാണ്’എന്ന ഒറ്റ ഡയലോഗിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വ്യക്തിയുണ്ട്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’. കക്ഷിയുടെ ട്രോൾ വിഡിയോ ലക്ഷവും പത്തു ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിയാനായിരുന്നു മലയാളികൾക്ക് ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇപ്പോഴിതാ തന്റെ പ്രതികരണത്തെക്കുറിച്ചും വരുന്ന ട്രോളുകളെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.എൻജിനീയർ ആയ സന്തോഷ് ഇപ്പോൾ എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.
താൻ ജനിച്ച വര്‍ഷമാണ് മോഹൻലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്ന് സന്തോഷ് പറയുന്നു. മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറയുന്നു. മോഹൻലാലിനെ കുറിച്ച് താൻ ഒരു പുസ്കതം എഴുതിയതിനെ കുറിച്ചും സന്തോഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. മദ്യപാനമടക്കമുള്ള ദുശീലങ്ങള്‍ തനിക്കില്ല. ഞാൻ എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ്. രാഷ്ട്രീയ നിലപാടുകള്‍ കാരണമാണോ എന്നറിയില്ല ‘ഒടിയൻ’ മുതലിങ്ങോട്ട് ഹേറ്റ് ക്യാംപയിൻ നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു.‘ട്രോളുകൾ എല്ലാം കണ്ടു. തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്. വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ. മിക്കതും കണ്ടു. വളരെ നന്നായിട്ടുണ്ട്.’–സന്തോഷ് പറയുന്നു.