സാഹിത്യനഗരിയിൽ എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം.ലിറ്ററേച്ചർ ഫെസ്റ്റിന് ആവേശം പകരാൻ ട്രസ്റ്റ് ഫാസ്റ്റ് ആർട്ടിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോഴിക്കോടിൻ്റെ ചരിത്രം വിളിച്ചോത്തുന്ന ചുമർചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ ഇവർ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കോഴിക്കോടിൻ്റെ പ്രിയ കഥാകാരൻ എം ടി യുടെ കൃതികളെ ആസ്പദമാക്കിയാണ് ചുമർചിത്രങ്ങൾ ഒരുക്കിയത്.
സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കും.23ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നൊബേൽ സാഹിത്യ ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോയും ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാന ജേതാക്കളും അടക്കം 15 രാജ്യങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കും.കെ.എൽ.എഫ് ബുക്ക് ഓഫ് ദി ഇയർ അവാർഡിന് ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടക്കം കുറിക്കും.