രാജമൗലിയുടെ ( ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആറിന്റെ പുതുക്കിയ റിലീസ് തിയ്യതികൾ പുറത്തുവിട്ടു. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയും തിയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താൽ മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നും ആർആർആർ സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്.ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു.