ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യങ്ങൾ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം.
ഇന്നലെ കോൺഗ്രസിൻ്റെ യുവാക്കള്‍ക്കുള്ള പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുമ്പോള്‍ പ്രിയങ്ക നൽകിയ മറുപടിയാണ് യുപിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് “നിങ്ങള്‍ കോൺഗ്രസിൽ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോ” എന്നായിരുന്നു പ്രിയങ്കയുടെ മറുചോദ്യം. ഇതോടെ യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.ഇക്കാര്യം തന്നെ തുടര്‍ച്ചായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താൻ ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചൊരു ചോദ്യം ചോദിച്ചതാണെന്നും അതിനെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.