
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. കര്‍ഷകര്‍ സമരം തുടരും. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച തുടരണമെങ്കില്‍ കര്‍ഷകസംഘടനകള്‍ തീയതി അറിയിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുമായി വിജ്ഞാൻ ഭവനിലാണ് ചർച്ച നടന്നത്.
നേരത്തെ, വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജ്ഞാൻ ഭവനിൽ 4 മണിക്കൂർ നീണ്ട ചർച്ച പതിവു പോലെ അലസിപ്പിരിയുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, നിയമങ്ങൾ മരവിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശ കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി.

