തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
നിരപരാധിത്വം തെളിയിക്കുന്നതിനായി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് കാപ്പന്റെ അഭിഭാഷകനായ വില്‍സ് മാത്യുവാണ് കോടതിയെ അറിയിച്ചത്. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംങ്, തുടങ്ങിയ പരിശോധനയ്ക്ക് തയ്യാറാണ്. കാപ്പന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തക യൂണിയന്റെ ഡല്‍ഹി യൂണിയന്‍ ഘടകം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റുള്‍പ്പടെയുള്ള നടപടികളും മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമം വളച്ചൊടിക്കുന്ന നടപടികള്‍ അന്വേഷിക്കുന്നതിനായും സുപ്രീം കോടതിയിവല്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ദിഖ് കാപ്പനെ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ ഭാരവാഹിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ യാതൊരു ബന്ധവും കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ഇല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് പോലെ കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെ വിജിലന്‍സ് അന്വേഷണമൊന്നും ഇതേവരെ നടത്തിയിട്ടില്ലെന്നും യൂണിയന്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളിയെന്നും യൂണിയന്‍ വ്യക്തമാക്കി.