കോഴിക്കോട് ജില്ലാതല പട്ടയമേള നാളെ (ഡിസംബര്‍ 22) രാവിലെ 11 ന് ടൗണ്‍ ഹാളില്‍ റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, കെ.മുരളീധരന്‍, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പട്ടയവിതരണ മേളയില്‍ പങ്കെടുക്കും.
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 1839 പേര്‍ക്കാണ് ജില്ലയില്‍ നാളെ പട്ടയം നല്‍കുക. ബേപ്പൂര്‍, ചെങ്ങോട്ടുകാവ്, തിക്കോടി, അഴിയൂര്‍, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സുനാമി പുനരധിവാസത്തിന്റെ ഭാഗമായി 90 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലയില്‍ രണ്ട് താലൂക്കുകളിലായി 112 കുടുംബങ്ങള്‍ക്കാണ് മിച്ചഭൂമി പട്ടയം വിതരണം ചെയ്യുന്നത്. കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം വില്ലേജില്‍ ഭൂരഹിതരായ 78 കുടുംബങ്ങള്‍ക്കും കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി വില്ലേജില്‍ ഭൂരഹിതരായ 32 കുടുംബങ്ങള്‍ക്കും നാല് സെന്റ് ഭൂമി വീതം ലഭിക്കും. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതി പ്രകാരം വിതരണം ചെയ്ത ഭൂമിയില്‍ പട്ടയം ലഭിക്കാത്ത അര്‍ഹരായ കുടംബങ്ങള്‍ക്കും പട്ടയം നല്‍കും. കൊയിലാണ്ടി താലൂക്കിലെ പാലേരി വില്ലേജിലെ 30 കുടുംബങ്ങള്‍, ചേമഞ്ചേരിയിലെ 19 കുടുംബങ്ങള്‍, ഉളേള്യരിയില്‍ അഞ്ച് കുടുംബങ്ങള്‍, തുറയൂരിലെ നാല് കുടുംബങ്ങള്‍, കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം വില്ലേജിലെ 16 കുടുംബങ്ങള്‍, താമരശ്ശേരി താലൂക്കിലെ കൂടത്തായി വില്ലേജിലെ മൂന്ന് കുടുംബങ്ങള്‍, വടകര താലൂക്കിലെ വേളം പഞ്ചായത്തിലെ 11 കുടുംബങ്ങള്‍, വാണിമേലിലെ രണ്ട് കുടുംബങ്ങള്‍, അഴിയൂരിയിലെ ഒരു കുടുംബം, നാദാപുരത്തിലെ ഒരു കുടുംബം എന്നിവര്‍ക്കും ചടങ്ങില്‍ പട്ടയം വിതരണം ചെയ്യും.
ബേപ്പൂര്‍ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയില്‍ ദീര്‍ഘകാലമായി താമസിച്ചു വരികയും എന്നാല്‍ ഭൂമിയുടെ അവകാശ രേഖകള്‍ ഇത്രയും കാലമായി ലഭിക്കാതിരിക്കുകയും ചെയ്ത 31 കുടുംബങ്ങളും ഭൂമിയുടെ അവകാശികളാവും. മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി സര്‍ക്കാര്‍, കേരള സ്‌റേററ്റ് ഹൗസിംഗ് ബോര്‍ഡിന് ( കെ.എസ്.എച്ച്.ബി) ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി കൈമാറുകയും കെ.എസ്.എച്ച്.ബി വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ ഭൂമിയുടെ പട്ടയം അവര്‍ക്ക് ലഭിച്ചിരുന്നില്ല.
ജില്ലയില്‍ വടകരയില്‍ ഒരു ലാന്റ് ട്രിബ്യൂണല്‍ ആരംഭിച്ചതോടെ അവകാശികള്‍ക്ക് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് വേഗത്തിലാക്കാനായി. കഴിഞ്ഞ പട്ടയ മേളയ്ക്ക് ശേഷം കോഴിക്കോട് ലാന്റ് ട്രിബ്യൂണല്‍ നിന്ന് 707 പേര്‍ക്ക് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. കൂടാതെ 669 പേര്‍ക്ക് ഡിസംബര്‍ 22 നടക്കുന്ന പട്ടയമേളയില്‍ പട്ടയം അനുവദിക്കും. വടകര ലാന്റ് ട്രിബ്യൂണല്‍ -25 , പ്രത്യേക ചുമതല നല്‍കിയിട്ടുള്ള ലാന്റ് ട്രിബ്യൂണലുകളുമായ എല്‍.എ കോഴിക്കോട് -16, എല്‍.എ കൊയിലാണ്ടി -33, എന്നിങ്ങനെയും ദേവസ്വം ട്രിബ്യൂണല്‍ -3 ക്രയസര്‍ട്ടിഫിക്കറ്റും വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.