വളരെ തിരക്കേറിയ നഗരങ്ങളുടെ കണക്കെടുത്താൽ അതിൽ മുൻപന്തിയിലാണ് ബെംഗളൂരു.തിരക്കുപോലെതന്നെ നഗരത്തിലെ ഗതാഗത കുരുക്കുകളുടെ വാർത്തകളും നാം കാണുന്നതാണ്. എന്നാൽ ബെംഗളുരുവിലെ ഗതാഗതക്കുരുക്കിനും നല്ല ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഒരു വൈറൽ പ്രണയകഥയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായിരിക്കുന്നത്. ട്രാഫിക്കിൽ കുടുങ്ങിയതിന്റെ ഫലമായാണ് തനിക്ക് തന്റെ പ്രണയിനിയെ ലഭിച്ചതെന്ന് റെഡ്ഡിറ്റിലൂടെ ഒരു ഉപയോക്താവ് മനസ്സ് തുറന്നു.
അദ്ദേഹത്തിന്റെ കുറിപ്പ് അനുസരിച്ച് , സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവർ പിന്നീട് സുഹൃത്തുക്കളായി. ഒരുമിച്ചുള്ള യാത്രക്കിടെ ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം കാരണം അവർ ഗതാഗതക്കുരുക്കിൽ പെട്ടു. അവർ മറ്റൊരു വഴി തിരഞ്ഞെടുത്തു. അവർ ഒരുമിച്ച് അത്താഴം കഴിച്ചു, ആ നിമിഷം മുതൽ അവരുടെ പ്രണയം ആരംഭിക്കുകയായിരുന്നു. തന്റെ റൊമാന്റിക് പ്രണയകഥയ്ക്ക് കാരണം ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്കാണെന്ന് അയാൾ കുറിച്ചു.
അഞ്ച് വർഷത്തിന് മുമ്പാണ് സംഭവം നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിൽ ദമ്പതികൾ ഡേറ്റ് ചെയ്തു, പിന്നീട് വിവാഹിതരായി. എന്നാൽ മേൽപ്പാലം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ബെംഗളൂരുവിൽ നിന്നുള്ള റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.
ട്വിറ്ററിൽ, അദ്ദേഹത്തിന്റെ റെഡ്ഡിറ്റ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത് നിരവധി പേരാണ് ഏറ്റെടുത്തത്. നാലായിരത്തിലധികം പേർ ട്വിറ്ററിൽ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ബംഗളൂരുവിലെ ട്രാഫിക്കിനെക്കുറിച്ച് നിരവധി ഓൺലൈൻ മീമുകൾ പുറത്തിറങ്ങി. “സിൽക്ക് ബോർഡ്, എ ട്രാഫിക് ലവ് സ്റ്റോറി” എന്ന റൊമാന്റിക് ഹ്രസ്വചിത്രം ബെംഗളൂരുവിലെ തിരക്കേറിയ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്.
Top drawer stuff on Reddit today 😂😂@peakbengaluru pic.twitter.com/25H0wr526h
— Aj (@babablahblah_) September 18, 2022