തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ എളമരം കരീം എം.പി അവകാശലംഘന നോട്ടീസ് നല്‍കി.
ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് തന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാല്‍ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതിനാല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നല്‍കി എന്ന് കാണിച്ച് രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭാ നടപടിക്രമങ്ങളിലെ 187 മുതല്‍ 203 വരെയുള്ള ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.