കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ ഒൻപത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെ കുന്ദമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. കോളേജിൽ നിന്നും ഇവരെ നിലവിൽ സസ്‌പെൻഡ് ചെയ്തു. പ്രതികൾ മുൻകൂർ ജ്യാമ്യത്തിനായി ശ്രമിക്കുന്നതായി വിവരമുണ്ട്. അതേസമയം കേസിന്റെ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും.
കാലിക്കറ്റ് സർവകലാശാല സംഭവത്തിൽ വിശദീകരണം നൽകാൻ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിന് കഴിഞ്ഞ ദിവസമായിരുന്നു സീനിയർ വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായി മർദ്ദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് പരിക്കേറ്റ മിഥിലാജ്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നതായും കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചതായും ഡോക്ടർമാർ അറിയിച്ചിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മർദ്ദിച്ചതെന്നായിരുന്നു മിഥിലാജിന്റെ പിതാവ് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കുന്ദമംഗലം പോലീസ് കേസെടുത്തത്.