രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നാലാം ദേശീയ സെറോ സർവേ റിപ്പോർട്ട്. ഇനിയും 40 കോടിയോളം പേര്‍ക്ക് വൈറസ് ബാധിക്കാമെന്നും ഐ.സി.എം.ആര് വ്യക്തമാക്കുന്നു.
സർവേ ഫലവും നിർദേശങ്ങളും
∙ കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബറിൽ സർവേ നടത്തുമ്പോൾ 7.1% ആളുകളിൽ മാത്രമായിരുന്നു ആന്റിബോഡി കണ്ടെത്തിയത്. ഇപ്പോൾ, 67.6% പേരിൽ ആന്റിബോഡിയുണ്ട്.
∙ ആരോഗ്യപ്രവർത്തകരിൽ 85% പേർക്കും ആന്റിബോഡിയുണ്ട്. ആരോഗ്യ പ്രവർത്തകരിൽ പത്തിലൊന്ന് ഇപ്പോഴും വാക്സീൻ എടുത്തിട്ടില്ല.
∙ വാക്സീൻ എടുത്തവർ മാത്രം യാത്ര നടത്തുന്നതാണു നല്ലത്. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരും റിസ്ക് ഗ്രൂപ്പിലുള്ള മറ്റു വിഭാഗക്കാരും വൈകിക്കാതെ വാക്സീനെടുക്കണം.
രണ്ടാം തരംഗം ശമിച്ച് തുടങ്ങിയ ജൂണ്‍-ജൂലൈ മാസത്തിലാണ് സര്‍വെ നടത്തിയത്. 28,975 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 67.6 ശതമാനം പേരിലും കോവിഡ് ആന്റിബോഡിസ് കണ്ടെത്തി. ആദ്യമായാണ് ഇത്തരം ഒരു സര്വെയില്ല് 6-17 വയസിനിടയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നത്.
നഗര ഗ്രാമ പ്രദേശങ്ങളില്‍ സമാനമായാണ് കണക്കുകള്‍. അതിനാല്‍ രണ്ടാം തരംഗത്തിലെ പോലെയുള്ള തീവ്ര വ്യാപനത്തിന്റെ സാധ്യത കുറയുന്നു. 32 കോടിയിലധികം പേര് ഏതെങ്കിലും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്.
രോഗം ബാധിച്ചവരും വാക്സിനെടുത്തവരും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ട്. എന്നിരുന്നാലും രാജ്യത്ത് ആറ് വയസിന് മുകളിലുളള 70 ശതമാനം ആളുകളിലും കോവിഡിനെതിരായ പ്രതിരോധ ശേഷി ഉത്പാദിപ്പിച്ചിട്ടുണ്ട്.
വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രമാണ് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള സാധ്യതകള്‍. പക്ഷെ രണ്ടാം തരംഗത്തിന് സമാനമായ വ്യാപനത്തിന്റെ സാധ്യത കുറവാണെന്നാണ് ഐ.സി.എം.ആറിന്റെ പഠനം വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത് ജില്ലകളിലും, സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ധിക്കുമെന്നതിന്റെ സാധ്യതകളെ തള്ളിക്കളയുന്നില്ല. രാജ്യത്ത് 40 കോടി പേരില്‍ ഇനിയും വൈറസ് ബാധിക്കാതെയുണ്ട്. ആദ്യ തരംഗത്തിന് സമാനമായതോ അല്ലെങ്കില്‍ കുറവോ ആയിരിക്കും രോഗവ്യാപനം എന്ന് മാത്രം.

