മുംബൈ: 300 കോടി രൂപയുടെ മയക്കുമരുന്ന് വിതരണ ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ദമ്പതികൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മുംബൈ ദമ്പതികളായ ആശിഷ് കുമാർ മേത്തയ്ക്കും ശിവാനി മേത്തയുമാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് വിതരണ റാക്കറ്റിന്റെ സൂത്രധാരരെന്ന് സംശയിക്കുന്ന ഇവർക്കായി മധ്യപ്രദേശ് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
300 കോടി രൂപയുടെ മയക്കുമരുന്ന് വിതരണ റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ദമ്പതികൾ ഒളിവിൽ പോയത്. മയക്കുമരുന്ന് ഇടപാടിൽ നിന്ന് ലഭിച്ച 174 കോടി രൂപയുമായിട്ടാണ് ഇരുവരും രക്ഷപ്പെട്ടത്.
മുംബൈയിലെ ഗോരേഗാവ് പ്രദേശത്തെ ഫ്ലാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. പോലീസ് ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മയക്കുമരുന്ന് ഇടപാട് ഉൾപ്പെടെയുള്ള നിരവധി ഇടപാടുകൾ ദമ്പതികൾ നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്.
17 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോണുമായി നിസാർ സുബൈർ ഖാൻ എന്ന യുവാവ് പിടിയിലായതോടെയാണ് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദമ്പതികളുടെ പേരുവിവരങ്ങൾ പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കടത്ത്, പോൺസി സ്കീമുകൾ, ഡിജിറ്റൽ കറൻസി എന്നീ ഇടപാടുകളിൽ മുബൈ സ്വദേശികളായ ദമ്പതികൾ സജീവമാണെന്നും താൻ കാരിയർ മാത്രമാണെന്നും ഇയാൾ പറഞ്ഞു.