ലണ്ടനിൽ എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയായ സൽമാൻ സാലിയെ കസ്റ്റഡിയിൽ വിട്ടു. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ സല്‍മാനെ വിചാരണം അവസാനിക്കും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവ്
കൊല്ലപ്പെട്ട അരവിന്ദിന്റെ ലണ്ടനിലുള്ള സഹോദരനും കോടതി നടപടികള്‍ വിഡിയോയിലൂടെ കാണാന്‍ പൊലീസ് അവസരം നല്‍കിയിരുന്നു. കേസില്‍ അരിവിന്ദിനൊപ്പം താമസിച്ചിരുന്ന മറ്റ് മലയാളികളുടെ മൊഴി കൂടി പൊലീസ് ശേഖരിച്ചിരുന്നു. ഇതും ഏറെ നിര്‍ണായകമാകും.
ഈ മാസം 16നാണ് പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (36) ലണ്ടനില്‍ വച്ച് കൊല്ലപ്പെട്ടത്. അരവിന്ദിനൊപ്പം താമസിച്ചിരുന്നയാളാണ് പ്രതി മലയാളിയായ സല്മാന് സലിം. മാധ്യമപ്രവര്‍ത്തകയായ നവോമി കാന്റോണ്‍ അരവിന്ദ് ശശികുമാറിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തി വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സ്റ്റുഡന്റ് വീസയില്‍ യു.കെയിലെത്തിയ അരവിന്ദ് കഴിഞ്ഞ പത്ത് വര്‍ഷമായി സൗത്ത്ഹാംപ്ടണ്‍ വേയിലായിരുന്നു താമസം. പ്രതി സലിമിനെ ക്രോയ്ഡന്‍ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്ന് വ്യക്തമാകുന്നു. എന്നാല്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്താണെന്നോ എന്താണ് കൊലയിലേക്ക് എത്തിയ സാഹചര്യമെന്നോ പൊലീസ് വിശദീകരിക്കുന്നില്ല