മാവൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ് പട്ടികജാതി കോളനി നവീകരണത്തിന് പദ്ധതി ആവിഷ്കരിക്കാനുള്ള നടപടികൾക്ക് തുടക്കമായി. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് വിളിച്ചുചേർത്ത കോളനി വാസികളുടെ യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുടിവെള്ളം, ശ്മശാന നവീകരണം, റോഡ് പരിഷ്കരണം തുടങ്ങിയ പൊതുവായ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കോട്ടംപറമ്പ് കോളനിയിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 2021- 22 സാമ്പത്തിക വർഷത്തിൽ കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്നും കോട്ടാംപറമ്പ് കോളനിക്ക് പുറമേ കുന്നമംഗലം പഞ്ചായത്തിലെ കല്ലറ കോളനി വികസനത്തിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ ടി.എം മുകേഷ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ രജിത സുരേന്ദ്രൻ, മുൻ മെമ്പർമാരായ സുരേഷ് പുതുക്കുടി, കെ ഗോപാലൻ, കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എൻജിനീയറിങ് കമ്പനി എൻജിനീയർ പി.എം അബ്ദുൽ സത്താർ, നിർവഹണ ഏജൻസി പ്രതിനിധി കെ.ടി അസീസ്, കെ.കെ സോമൻ, കെ സുനോദ്കുമാർ, എൻ ഗിരീഷ്, കെ ശാരദ എന്നിവർ സംസാരിച്ചു.