പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്നു. തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീല്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
2011ലും 2016ലും ഭവാനിപൂരില്‍ നിന്നാണ് മമത ബാനര്‍ജി മത്സരിച്ച് വിജയിച്ചത്. 2016ല്‍ 25,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു മമതയുടെ വിജയം. ഇത്തവണ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് വിശ്വസ്തന്‍ സുവേന്ദു അധികാരി ബിജെപിയില്‍ ചേരുകയും സ്വന്തം മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുയും ചെയ്തു. ഇതിന് പിന്നാലെ നന്ദിഗ്രാമില്‍ തന്നോട് ഏറ്റുമുട്ടാന്‍ മമതയെ സുവേന്ദു വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മമത നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുകയായിരുന്നു.പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാംഗം അല്ലാത്ത ഒരാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലാത്തപക്ഷം രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഇതിന്‍ പ്രകാരം ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് അധികാരത്തില്‍ തുടരാനാകില്ല. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.

