സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ കണ്ട്രോൾ റൂം സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങളറിയാനും അവർക്ക് സഹായം ലഭിക്കാനും ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
കേരളത്തിൽ നിന്ന് ഒരുപാട് പേർ സുഡാനിൽ ആരോഗ്യ രംഗത്തും അല്ലാതെയും ജോലി നോക്കുന്നുണ്ടെന്നും സംഘർഷത്തെത്തുടർന്ന് അവർക്കാവശ്യമായ വെള്ളം, വെളിച്ചം , മരുന്ന് തുടങ്ങിയ ആവശ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ട് കേരള ഗവൺമെന്റിന് ഒരുപാട് കോളുകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുഡാനിലെ പ്രധാന വിമാനത്താവളങ്ങൾ വ്യോമാക്രമണത്തിൽ തകർന്നതിനാൽ അത് വഴി ജനങ്ങളെ സ്വദേശത്തേക്ക് എത്തിക്കാൻ കഴിയില്ലെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒരുപാട് കേരളക്കാർ സുഡാനിലെ വിദൂര സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഇടപെടൽ മേല്പറഞ്ഞ കാര്യങ്ങളിൽ ഉണ്ടാകണമെന്നും സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കാൻ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു.

