
ആശമാർക്ക് ശാഠ്യമാണെന്നും കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ് മിഷൻ മറുപടി നല്‍കി. ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ സമരരംഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അംഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സമരത്തെ ആരു ശ്രമിച്ചാലും പരിഹരിക്കാൻ സാധിക്കുകയില്ല. ചർച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമരക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശി ഉപേക്ഷിച്ചാൽ സമരം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ സമരം തീരാതിരുന്നത്. കേരളത്തിൽ നിന്ന് വിവരം ശേഖരിക്കാതെയാണ് കേന്ദ്രം പാർലമെൻ്റിൽ മറുപടി നൽകിയത്. 6000 രൂപയാണ് ഓണറേറിയം എന്നാണ് കേന്ദ്രം പാർലമെൻ്റിനെ അറിയിച്ചത്. ഇതിലൊക്കെ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് ഇതെന്നും ലക്ഷ്യം രാഷ്ട്രീയമല്ല, ന്യായമായ ആവശ്യമാണെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്നും രാജേഷ് പറഞ്ഞു