
വീണ്ടും യുദ്ധകളമായി ഗാസ.ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 85ലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 506 പേർ കൊല്ലപ്പെട്ടു. ഇതിൽ 200ഉം കുട്ടികളാണ്. 900 ലേറെ പേക്ക് പരിക്കേറ്റു. അതിനിടെ തെക്കൻ ഗാസയിൽ നിന്ന് ഹമാസ് തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചെന്ന് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലപ്പെട്ടവരിൽ ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ അഭയാർത്ഥി ഏജൻസിയിലെ അഞ്ച് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഏജൻസി മേധാവി ഫിലിപ്പ് ലസാരിനി അറിയിച്ചു. ഗാസയുടെ വടക്ക് തെക്ക് ഭാഗത്ത് ഇസ്രയേൽ കര പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഭാഗിക ബഫർ സൃഷ്ടിച്ചു വരികയാണെന്ന് സൈന്യം അറിയിച്ചു.ഒന്നാം ഘട്ട വെടിനിറുത്തലിന്റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുമ്പോൾ മറിച്ചാണെന്ന് ഹമാസും പറയുന്നു.രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണം. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറയുന്നു. ഗാസ പൂർണമായി ഒഴിപ്പിക്കണമെന്ന ഡോണാൾഡ് ട്രംപിന്റെ നിലപാട് വന്നതും ഇതിനെ അറബ് രാജ്യങ്ങൾ തള്ളിയതും വെടിനിറുത്തൽ കാലത്തായിരുന്നു. രണ്ടു മാസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഗാസ വിലാപ ഭൂമി ആകുമ്പോൾ ഇനിയൊരു സമാധാന ശ്രമത്തിന് ആര് മുൻകയ്യെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്