ദുബായ് : ശാരീരിക പരിമിതികൾ അതിജീവിച്ചു ഖുർആൻ പാരായണത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ദുബായിൽ ആദരിച്ചു. യുഎഇ ചാപ്പ്റ്റർ ജീലാനി സ്റ്റഡീസ് സെന്റർ കമ്മിറ്റിയാണ് ആദരവ് നൽകിയത്.
സോൾ ഓഫ് സക്സസ് സൗഹൃദ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പണ്ഡിതനും വളാഞ്ചേരി ഷെയ്ഖ് ജീലാനി ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പളുമായ മുഹമ്മദ് അബ്ദുറഹീം മുസ്ലിയാർ വളപുരം മുഹമ്മദ് ഈസയ്ക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും സ്രഷ്ടാവിന്റെ സ്മരണകൾ കൊണ്ട് ധന്യമാക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മുഹമ്മദ് അബ്ദുറഹീം മുസ്ലിയാർ പറഞ്ഞു. ജീവിത യാത്രയിലുടനീളം സ്രഷ്ടാവിനെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാവണം.
വ്യക്തമായ ദിശാബോധത്തോടെ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി പരലോക വിജയം നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കവി ഡോ. അബ്ദുള്ള ബിൻ ഷമ്മ അബ്ദുൽ റഹീം മുസ്ലിയാരെ- അറബ് ആദരവസ്ത്രമണിയിച്ചു. സയ്യിദ് അബ്ദുൽ ഖാദർ അൽ ബുഖാരി കടുങ്ങപ്പുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.