ഡിജിറ്റലൈസേഷനിലൂടെ അതിവേഗത്തിൽ രേഖകൾ ലഭ്യമാക്കാനാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
രേഖകളുടെ ഡിജിറ്റലൈസേഷൻ പൂർണ്ണമാകുന്നതോടെ ആവശ്യക്കാർക്ക് അതിവേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനാകുമെന്ന് തുറമുഖം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മേഖലാ പുരാരേഖാ കേന്ദ്രത്തിന്റെ (റീജണൽ ആർക്കൈവ്‌സ്) ഉപകേന്ദ്രം കുന്നമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രേഖകളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനും യഥാർത്ഥ രേഖകൾ അതേ പോലെ സൂക്ഷിക്കാനുമുള്ള പദ്ധതിക്കാണ് പുരാരേഖാ വകുപ്പ് നേതൃത്വം നൽകുന്നത്. വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന മികച്ച പദ്ധതികളിലൊന്നാണ് കമ്മ്യുണിറ്റി ആർക്കൈവ്‌സ്. തദ്ദേശീയമായി ലഭിക്കുന്ന രേഖകൾ കണ്ടെത്തി പരിശോധിച്ച് ചരിത്ര മൂല്യത്തിന്റെ അടിസ്‌ഥാനത്തിൽ ആവശ്യമായ സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. അത്യപൂർവ്വവും പകരം വെക്കാനില്ലാത്തതുമായ താളിയോലകളും ചരിത്ര രേഖകളും സർക്കാരിന്റെ രേഖകളും ഭാവിതലമുറക്കായി ശാസ്‌ത്രീയ സംരക്ഷണം നടത്തി സൂക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുകയാണ് വകുപ്പ്. ഇന്നലെകളുടെ രേഖപ്പെടുത്തലായ ചരിത്രരേഖകളെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതികളും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.
കുന്ദമംഗലം മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുക.
പുരാരേഖ ശേഖരണം, ഗവേഷണ-പഠന സൗകര്യങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന മികച്ച മേഖലാ ഉപകേന്ദ്രമാണ് ഇവിടെ ഒരുക്കുന്നത്. കോഴിക്കോട് മേഖലയിൽ നിന്നും ശേഖരിക്കുന്ന രേഖകൾ ഇവിടെ സൂക്ഷിക്കും. നിലവിൽ സിവിൽ സ്റ്റേഷനിൽ പുരാരേഖാ വകുപ്പിന്റെ മേഖലാ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. മലബാർ മേഖലയുമായി ബന്ധപ്പെട്ട രേഖകൾ ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെ സബ് സെന്ററാണ് കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്നത്.
വിവിധ കാലങ്ങളിൽ ജില്ലാ ഭരണവിഭാഗം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇവിടെ ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണ് ഇവിടെ പ്രധാനമായും സൂക്ഷിക്കുക. റെക്കോർഡ് റൂം, റിസർച്ച് വിഭാഗം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വിവിധ പദ്ധതികൾക്കായി പല കാലങ്ങളിൽ എറ്റെടുത്ത ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടെയുണ്ടാകും. എത്ര കാലം കഴിഞ്ഞാലും ഇവ കൃത്യമായി പരിശോധിക്കാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം.
ചടങ്ങിൽ അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, പഞ്ചായത്ത് മെമ്പർ കൗലത്ത്, സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ ജെ രജികുമാർ, സംസ്ഥാന ആർക്കൈവ്സ് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.