കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെത്തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍. ഹിജാബ് പ്രതിഷേധത്തിനിടെ എല്ലാ മതപരമായ വസ്ത്രങ്ങളും വിലക്കിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സന്ദർഭത്തിൽ ഇരുന്നൂറോളം വിദ്യാർത്ഥിനികൾ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയിരുന്നു. ഹിജാബില്ലാതെ പരീക്ഷ എഴുതില്ല എന്നായിരുന്നു അവരുടെ നിലപാട്.
കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവസരം കൂടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ഇതേപറ്റി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ പരീക്ഷ വീണ്ടും നടത്തില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘എങ്ങനെയാണ് ഈ സാധ്യത ഞങ്ങള്‍ പരിഗണിക്കുക. ഹിജാബ് വിലക്കിയതിന് പരീക്ഷ മുടക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കിയാല്‍ പിന്നീട് വേറെയും കുട്ടികള്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് രണ്ടാമത് അവസരം ചോദിക്കും. അത് അസാധ്യമാണ്,’കര്‍ണാടക പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. 30 ശതമാനം മാര്‍ക്കാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ നിന്നും ലഭിക്കുക. എഴുത്തു പരീക്ഷയില്‍ 70 ഉം. പ്രാക്ടിക്കല്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 30 മാര്‍ക്കും നഷ്ടമാവും.