ടൊവിനോ തോമസ്, മലയാളത്തിന്റെ സ്വന്തം യൂത്ത് ഐക്കണ്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ടും ശരീരസൗന്ദര്യം കൊണ്ടും ചലച്ചിത്ര രംഗത്ത് സ്വന്തമായൊരിടം സൃഷ്ടിച്ച താരം.

അഡ്വ. ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റെയും ഇളയമകനായി ജനിച്ച ഈ ഇരിങ്ങാലക്കുടക്കാരന് തന്റെ ബിരുദപഠനശേഷം തന്റെ സ്വപ്നമായ അഭിനയത്തിനു പിന്നാലെ സഞ്ചരിച്ചു തുടങ്ങി.

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ തിരലോകത്ത് അരങ്ങേറ്റം.
പിന്നീട് ദുല്‍ഖര്‍ നായകനായ എബിസിഡി എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സെവന്‍ത്ത് ഡേ, കൂതറ, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളില്‍ അധികം പരാമര്‍ശിക്കപ്പെടാത്ത വേഷങ്ങള്‍.

2015 ല്‍ പൃഥവിരാജിനൊപ്പം അഭിനയിച്ച എന്നു നിന്റെ മൊയ്ദിന് എന്ന ചിത്രത്തിലെ പ്രകടനം വഴിത്തിരിവായി. മൊയ്ദീനും കാഞ്ചനമാലയ്ക്കും ഒപ്പം ടൊവിനോയുടെ അപ്പു എന്ന കഥാപാത്രവും പ്രേക്ഷകര്‍ നെഞ്ചേറ്റി.

ടൊവിനോ സ്വന്തമായൊരു ആരാധകവൃന്തത്തെ സൃഷ്ടിച്ചെടുത്തത് 2016ല്‍ പുറത്തിറങ്ങിയ ഘപ്പി എന്ന ചിത്രത്തോടെയായിരുന്നു. ഗപ്പിയും അതിലെ തേജസ് വര്‍ക്കിയും ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങി.


2017 ടൊവിനോയുടെ വര്‍ഷമായിരുന്നു. എസ്ര, ഒരു മെക്സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങിയ ഒരുപിടി നല്ല ചി്ര്രതങ്ങള്‍.

മായാനദിയിലെ മാത്തനും അവന്റെ പ്രണയവും യുവമനസ്സുകള്‍ ഇന്നും കൊണ്ടാടുന്നു.

അടുത്ത വര്‍ഷം മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം.

അതേ വര്‍ഷം തന്നെ മാരി 2 വിലൂടെ ധനുഷിന്റെ വില്ലന്‍ കഥാപാത്രമായി തമിഴിലേക്ക്.

2019 ല്‍ ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു, ലൂക്ക തുടങ്ങിയ വിജയചിത്രങ്ങള്‍. പോയ വര്‍ഷം ഫോറന്‍സികും, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സും.

തന്റെ സ്വപ്നാടനത്തില്‍ പത്തോളം വര്‍ഷം സഞ്ചരിക്കുമ്പോള്‍ ടൊവിനോ തോമസ് എന്ന നടന് മലയാളിയ്ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.


റിലീസിനൊരുങ്ങുന്ന മിന്നല്‍ മുരളിയെ കൂടാതെ കൈനിറയെ ചിത്രങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വന്തം ടൊവിനോയ്ക്ക് ജനശബ്ദത്തിന്റെ ജന്മദിനാശംസകള്.

