കുന്നമംഗലം പന്തീര്‍പാടം പണ്ടാരപ്പറമ്പ് ഭാഗത്ത് സ്ത്രീയെ കാണാതായ സംഭവത്തിൽ ഫയർഫോഴ്സ് തിരച്ചില്‍ നിര്‍ത്തി. പണ്ടാരപ്പറമ്പ് ഭാഗത്തെ പുഴയിലേക്ക് പോലീസ് നായ മണം പിടിച്ച് എത്തിയതോടെ സ്ത്രീ പുഴയിൽ ചാടിയതാവാമെന്ന സംശയത്തെ തുടർന്നാണ് ഫയർഫോഴ്സ് എത്തി തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കുക യായിരുന്നു. ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
പണ്ടാരപ്പറമ്പ് ഭാഗത്തുനിന്നും ഏകദേശം 53 വയസ്സുള്ള റുഖിയ എന്ന സ്ത്രീയെ ഇന്നലെയോടെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി കുന്ദമംഗലം സബ്ബ് ഇന്‍സ്പെക്ടര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സ്ത്രീ പുഴയുടെ ഭാഗത്തേക്ക് പോയതായി കണ്ടെത്തുകയുമായിരുന്നു.
കാണാതാവുന്നതിന്റെ തലേദിവസം രാത്രി 2 മണി വരെ മകളുമായി ചില കുടുംബ കാര്യങ്ങൾ സംസാരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചുമണിക്ക് താൻ പുറത്തു പോകുമ്പോൾ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്ന് റുഖിയയുടെ ഭർത്താവ് പറയുന്നു. 6.30ന് മകൾ എഴുന്നേറ്റപ്പോൾ ഉമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ റുഖിയയുടെ ഫോണും പേഴ്സും ആഭരണങ്ങളും മേശപ്പുറത്ത് കണ്ടെത്തുകയും തൻറെ ചുരിദാറിനെ പാൻറും കാണാതായിട്ടുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ എസ് ഐ വിന്‍സന്റ് ഡോഗ് സ്ക്വാഡിനെ കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. പോലീസ് നായ മണം പിടിച്ച് പുഴക്കരയിൽ എത്തുകയുമായിരുന്നു. അതോടെ അവർ പുഴയിൽ ചാടിയതാവാം എന്ന സംശയത്തിൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകരുടെ സഹകരണത്തോടെ പുഴയില്‍ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
സ്കൂബ അണ്ടര്‍ വാട്ടര്‍ ഡീപ്പിംഗ് അപ്പാറട്ടസ്, റബ്ബര്‍ ഡിങ്കിംഗ്, യമഹ എഞ്ചിന്‍ ബോട്ട്, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. പണ്ടാരപ്പറമ്പ് പമ്പ് ഹൗസ് മുതല്‍ താളിക്കുണ്ട് ഭാഗം വരെയുള്ള രണ്ട് കിലോമീറ്ററോളം ഭാഗത്തെ ഇരുകരകളിലും തിരച്ചില്‍ നടത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലും ആളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് തിരച്ചിൽ അവസാനിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചത്.