
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച യു.ഡി എഫിലെ നാലു മെമ്പർമാർക്കെതിരെ എൽ.ഡി.എഫ് വക്കീൽ മുഖേന പരാതി നൽകി.
പത്താം വാർഡിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജിഷ ചോലക്കമണ്ണിൽ, പതിമൂന്നാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച എം.പി അശോകൻ, പതിനാലാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച കൗലത്ത് അസ്ലം, പതിനാറാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച ഷമീന വെള്ളക്കാട്ട് എന്നിവർക്കെതിരെയാണ് റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ പരാതി നൽകിയത്.
പട്ടികജാതി വിഭാഗങ്ങൾക്ക് നൽകിയ കംമ്പ്യുട്ടർ നൽകിയതിൽ ചട്ടവിരുദ്ധമായാണ് വാങ്ങിയതെന്നും അതു പ്രകാരം ഓഡിറ്റ് വിഭാഗം ചിലവാക്കിയത് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചിലവാക്കിയതുക മെമ്പർമാരിൽ നിന്നും ഈടാക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
2010 -2015 ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന ഇവർ 2011 – 2012 വാർഷിക പദ്ധതി നടപ്പിലാക്കിയതിൽ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ച കണ്ടെെത്തിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളിൽ 40250 രൂപ വീതം ഈടാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥനത്തിൽ 2019 മാർച്ചിൽ പഞ്ചായത്ത് സെക്രട്ടറി പണം അടക്കാൻ മെമ്പർ മാർക്ക് കത്ത് നൽകിയിരുന്നു. ഇതിനെതിരെ മെമ്പർമാർ 2020 ആഗസ്റ്റിൽ കോടതിയെ സമീപിച്ചെങ്കിലും ഇവർക്ക് ഒരാഴ്ചത്തെ സാവകാശം നൽകുക മാത്രമല്ലാതെ പണം അടക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല എന്നാണ് അധികൃതരുടെ വിശദീകരണം. അതു കൊണ്ട് ഇവർ മൽസരിക്കാൻ യോഗ്യരല്ലെന്നാണ് എൽ.ഡി.എഫ് വാദിച്ചത്.
എന്നാൽ സെക്രട്ടറിയുടെ നോട്ടീസിനെതിരെ അംഗങ്ങൾ കോടതിയെ സമീപിക്കുകയും കോടതി നോട്ടീസ് റദ്ദ് ചെയ്യുകയും ചെയ്തിട്ടുള്ളതാണെന്ന് യു.ഡി.എഫ് വാദിച്ചു.
ആക്ഷേപമുന്നയിച്ചതോടെഈ നാലു സ്ഥാനാർഥികളുടേയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇലക്ഷൻ കമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ്റെ തീരുമാനത്തിൽ മാത്രമേ ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും റിട്ടേണിംഗ് ഓഫീസർ രൂപ നാരായണൻ വ്യക്തമാക്കി.

