മാവോയിസ്റ്റുകലെ വളര്‍ത്തുന്നത് ഇസ്ലാം തീവ്രവാദ സംഘടനകളാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല എന്നും പി മോഹനന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു.
വിമര്‍ശിച്ചത് ഇസ്ലാമിക തീവ്രവാദികളെ മാത്രമാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതേപോലെ ഹിന്ദു വര്‍ഗീയവാദികള്‍ എന്നുപറഞ്ഞാല്‍ മുഴുവന്‍ ഹിന്ദുക്കളല്ല ഹിന്ദുത്വ പൊതുധാരയില്‍ നിന്ന് മാറി തീവ്രമായ വര്‍ഗീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന സംഘടനകളാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും, പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല പൊതുനിലപാടാണെന്നും പി. മോഹനന്‍ വ്യക്തമാക്കി.
‘ഹിന്ദുത്വ തീവ്രവാദം എന്ന് ഉപയോഗിക്കാറുണ്ട്. അത് രാജ്യത്തെ കോടാനുകോടി ഹിന്ദുക്കള്‍ക്കും ബാധകമാണോ? അത് ആര്‍.എസ്.എസിനും മറ്റും മാത്രമാണ് ബാധകമാവുന്നത്. അതുപോലെ ഇസ്ലാമിക തീവ്രവാദം എന്നുള്ളതുകൊണ്ട് വളരെ കൃത്യമായി ഉദ്ദേശിക്കുന്നത് എന്‍. ഡി.എഫിനെയും പോപുലര്‍ ഫ്രണ്ടിനെയുമാണ്. അവരെയാണ് വിമര്‍ശിച്ചത്’.
‘മുമ്പ് പലപ്പോഴും സായുധ കലാപത്തിന്റെ മാര്‍ഗം ഉപയോഗിച്ചിട്ടുള്ള നക്സലൈറ്റ് നിലപാട് സ്വീകരിച്ചിരുന്ന പല നേതാക്കളും ഇന്ന് എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നേതൃ സ്ഥാനത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നുണ്ട്. അത് നിര്‍ദോഷമായ സൗഹൃദമാണ് എന്ന് പറയാന്‍ കഴിയുമോ? ഇതാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്’, പി മോഹനന്‍ പറഞ്ഞു.
താമരശ്ശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പി.മോഹനന്‍ വിവാദ പ്രസ്താവന നടത്തിയിരുന്നത്.