രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കോവിഡ് പിടിപെട്ടേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും വിദഗ്ധ സമിതി അംഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ 7.55 ദശലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാർ കോവിഡ് ബാധിതരായി. ഫെബ്രുവരിയോടെ ഇത് അമ്പതുശതമാനത്തിലെത്തിയേക്കാമെന്നും കാണ്‍പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി പ്രൊഫസർ മണീന്ദ്ര അഗർവാൾ പറഞ്ഞു. വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റിയുടെതാണ് റിപ്പോർട്ട്.
അതേസമയം സെപ്റ്റംബറിൽ ഉയർന്ന തോതിലായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ കുറയുന്നുണ്ട്. ഇപ്പോൾ ദിവസവും ശരാശരി 61,390 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട് . ദുർഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രോഗബാധ ഉയർന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചു.