ഇസ്ലാമാബാദ്: ഇന്ത്യ ചന്ദ്രനിൽ കാലുകുത്തുകയും ജി20 ഉച്ചകോടി സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ പാകിസ്താൻ പണത്തിനായി
മറ്റ് രാജ്യങ്ങളോട് യാചിക്കുകയാണെന്ന വിമർശനവുമായി മുൻ പ്രധാനമന്ത്രിയും പി.എം.എൽ (എൻ) നേതാവുമായ നവാസ് ശെരീഫ്.
പാകിസ്താന് സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ആരാണ് പാകിസ്ഥാന്റെ അവസ്ഥക്ക് ഉത്തരവാദി എന്നും നവാസ് ശെരീഫ് ചോദിച്ചു. വിഡിയോ കോൺഫറൻസിങിലൂടെ ലാഹോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നവാസ് ശെരീഫ്.
അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുടെ ഖജനാവിൽ ഒരു ബില്യൺ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇന്ത്യയുടെ വിദേശ നാണ്യകരുതൽ 600 ബില്യൺ ഡോളറായി ഉയർന്നു.
അതേ സമയം ഒരു ബില്യൺ ഡോളറിന് പോലും പാകിസ്ഥാൻ ചൈനയോടും ഗൾഫ് രാജ്യങ്ങളോടും യാചിക്കുകയാണെന്നും . പാകിസ്ഥാനെ ഈ സ്ഥിതിയിലേക്ക് എത്തിച്ചവരാണ് ഏറ്റവും വലിയ കുറ്റവാളികളെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ രാജ്യത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 7.5 രൂപ വർധിപ്പിച്ചിരുന്നു. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിദേശത്ത് കഴിയുന്ന നവാസ് ശെരീഫ് ഒക്ടോബർ 21ന് പാകിസ്താനിലേക്ക് മടങ്ങി എത്തുമെന്നാണ് സൂചന
ഇന്ത്യ ചന്ദ്രനിൽ കാലുകുത്തുമ്പോൾ പാകിസ്ഥാൻ പണത്തിനായി യാചിക്കുന്നു

