ചന്ദ്രയാൻ മൂന്ന് ലാൻഡറിൻറെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി നടന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക.
അതെ സമയം, റഷ്യൻ ചാന്ദ്ര ദൗത്യമായ ലൂണ 25ന്റെ ഭാവി അനിശ്ചിതത്വത്തിലായി.പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനാൽ ലാന്‍ഡിങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടന്നില്ല. ഈ മാസം 11 ന് വിക്ഷേപിച്ച ലൂണ-25 ചന്ദ്രയാൻ- 3ന് മുൻപോ ചന്ദ്രയാനൊപ്പമോ ചന്ദ്രനിൽ ഇറങ്ങുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിസ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ പറ്റില്ല. ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.