
രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോയ്ക്കോളൂ എന്ന മറുപടിയുമായി മധ്യപ്രദേശിലെ കത്നി ജില്ലാ ബിജെപി അധ്യക്ഷൻ രാംരതൻ പായൽ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തർക്കൊപ്പം കൂട്ടംകൂടി നിന്നുകൊണ്ടായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
“താലിബാനിൽ നിന്ന് പെട്രോൾ നിറയ്ക്കൂ. അഫ്ഗാനിസ്ഥാനിൽ പെട്രോളിന് 50 രൂപയാണ്, പക്ഷേ അത് ഉപയോഗിക്കാൻ അവിടെ ആരും ഇല്ല. അവിടെ പോയി പെട്രോൾ നിറയ്ക്കൂ. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വം എങ്കിലും ഉണ്ട്” രംരതൻ പായൽ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഇന്ധന വില വർദ്ധനവിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ കൊവിഡ് വൈറസിന്‍റെ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, നിങ്ങൾ പെട്രോളിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞു. രാജ്യം എന്ത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

