അഡ്വക്കേറ്റ് ഗ്രാന്റ്സ് കമ്മീഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ജുഡീഷ്യറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. അപേക്ഷാഫോമും, വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: എറണാകുളം മേഖലാ ഓഫീസ് – 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.
പി.എന്‍.എക്‌സ്. 2408/2021
അവയവദാനം: കാലതാമസം ഒഴിവാക്കാന്‍ നടപടി
കോവിഡ് സാഹചര്യത്തില്‍ അവയവദാനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. കോവിഡ് സാഹചര്യത്തില്‍ അതത് മെഡിക്കല്‍ കോളേജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ചാണ് ഉത്തരവിട്ടത്. ഇതിലൂടെ അവയവദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി വേഗത്തില്‍ കൂടി തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതത് മെഡിക്കല്‍ കോളേജുകളിലാണ് ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. വിദഗ്ധാംഗങ്ങളുള്ള ഈ കമ്മിറ്റിയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്. ഏത് ജില്ലയിലായാലും തിരുവനന്തപുരത്ത് നിന്നും ഈ ഉദ്യോഗസ്ഥന്‍ അവിടെയെത്തിയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ദീര്‍ഘദൂരം യാത്രചെയ്ത് കമ്മറ്റിയില്‍ എത്താന്‍ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പി.എന്‍.എക്‌സ്. 2409/2021
തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസില്‍ ക്ലസ്റ്റര്‍ ഫസിലിറ്റേഷന്‍ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍-ജി.ഐ.എസ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ www.nregs.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകള്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാംനില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം, പിന്‍-695 003 എന്ന വിലാസത്തില്‍ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2313385, 0471-2314385.
പി.എന്‍.എക്‌സ്. 2410/2021
എം.ആര്‍.എസ് അധ്യാപക ഒഴിവുകള്‍: 26 നും 27 നും കൂടിക്കാഴ്ച
പട്ടികജാതി വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താല്‍പര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് ജൂലൈ 26ന് രാവിലെ ഒമ്പതിനും മറ്റുള്ള ജില്ലകളിലെ എം.ആര്‍.എസ്. സ്‌കൂളുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് 27ന് രാവിലെ ഒമ്പതിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്. 2411/2021
12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പര്‍ 22ന് പ്രകാശനം ചെയ്യും
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്യും.
300 രൂപ വിലയുള്ള തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറി സെപ്റ്റംബര്‍ 19 ന് നറുക്കെടുക്കും.
രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും വിധമാണ് സമ്മാനഘടന. കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കും ലഭിക്കും.
കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളില്‍ ഏതാനും എണ്ണം 23 മുതല്‍ പുനരാരംഭിക്കും. 23ന് നിര്‍മ്മല്‍, 27ന് സ്ത്രീശക്തി, 30 ന് നിര്‍മ്മല്‍ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക.
ആഗസ്റ്റ് 15 വരെ ആഴ്ചയില്‍ മൂന്ന് നറുക്കെടുപ്പുകള്‍ വീതം ഉണ്ടായിരിക്കും. തുടര്‍ന്ന് വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
പി.എന്‍.എക്‌സ്. 2412/2021