കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അദാനി ഗ്രൂപ്പിലെ ചില കമ്പനികള്‍ക്കെതിരെ സെബിയും റവന്യു ഇന്റലിജന്‍സും അന്വേഷണം നടത്തുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ പുലിവാലുമായി ഗൗതം അദാനി.
അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
സെബി ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ചില അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് സെബി അന്വേഷിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ അന്വേഷണം തുടങ്ങിയോ എന്ന കാര്യം വ്യക്തമല്ല. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിലയില്‍ ഇടിവ് വന്നത് ചെറുതല്ലാത്ത ആശങ്കയാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണവ
ലിസ്റ്റുചെയ്ത ആറ് അദാനി ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികള്‍ ചൊവ്വാഴ്ച ആദ്യ വ്യാപാരത്തില്‍ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരിവിലയില്‍ മുംബൈയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു . അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 2.6 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓഹരി വിലയില്‍ ഇടിവ് വന്നതിനുപിന്നാലെ അന്വേഷണ വാര്‍ത്തയില്‍ പ്രതികരണവുമായി ഗൗതം അദാനി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ചട്ടങ്ങളുമായും തങ്ങള്‍ എല്ലായ്പ്പോഴും സുതാര്യത പുലര്‍ത്തുന്നുണ്ട്, അവയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
കമ്പനിയ്ക്ക് എല്ലായ്പ്പോഴും സെബി ചട്ടങ്ങള്‍ പാലിക്കുകയും റെഗുലേറ്ററില്‍ നിന്നുള്ള ”നിര്‍ദ്ദിഷ്ട വിവര അഭ്യര്‍ത്ഥനകളെക്കുറിച്ച്” പൂര്‍ണ്ണ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സെബിയില്‍ നിന്ന് അടുത്തിടെ വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദ്ദേശം വന്നില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നുണ്ട്.
കഴിഞ്ഞ മാസം എന്‍.എസ്.ഡി.എല്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിനു പുതിയ തിരിച്ചടി ഏല്‍ക്കുന്നത്.