ബക്രീദിനു മുന്നോടിയായി നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകൾ ദയനീയമാണെന്ന് കോടതി വിമർശിച്ചു.
മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളിൽ ഇളവ് നൽകിയത് തെറ്റായിപ്പോയി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി.
കാവടിയിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകം, ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കരുതെന്ന താക്കീതും കോടതി നൽകി. നേരത്ത ഹർജി നൽകിയിരുന്നെങ്കിൽ ഇളവുകൾ റദ്ദാക്കുമായിരുന്നു. വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചു.അതേസമയം നിലവിലെ സ്ഥിതി വിലയിരുത്തിയാണ് ഇളവുകൾ നൽകിയതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.

